ഉട്ടോപ്യൻ സോഷ്യലിസ്റ്റ്, ക്രിസ്ത്യൻ സോഷ്യലിസത്തിൻ്റെ വക്താവ്, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് സ്ഥാപകരിലൊരാൾ, നോബൽ സമ്മാനവും ഓസ്കാറും ലഭിച്ച ഏക വ്യക്തി, പത്രപ്രവർത്തകൻ, നാടകകൃത്ത്, രചയിതാവ്, നോവലിസ്റ്റ്, നാടക വിമർശകനും, മികച്ച പ്രഭാഷകൻ തുടങ്ങി വിവിധ മേഖലകളിൽ അസാധാരണ പ്രതിഭകളാൽ നിറഞ്ഞ ഐറീഷ് നാടകകൃത്ത് ജോർജ് ബെർനാഡ് ഷാ (1856 - 1950)യുടെ ചരമദിനമായിരുന്നു നവംബർ 2. സാമൂഹിക വിമർശനത്തെ ചാട്ടവാറടി പോലെ തീക്ഷ്‌ണമാക്കിയ ഷാ സംസ്കാരങ്ങളേയും മനശാസ്ത്രത്തെയും വരെ പരിഹാസവിഷയങ്ങളാക്കിയ രസികനായിരുന്നു.
സോഷ്യലിസത്തിനുവേണ്ടിയും തൊഴിലാളിവർഗം നേരിടുന്ന ചൂഷണങ്ങളും ഒക്കെ തൻ്റെ നാടകങ്ങളിൽ മുഖ്യവിഷയമാക്കിയ ഷാ നൂതനമായ സാമൂഹിക കാഴ്‌ചപ്പാടുകളോടെ നിലവിൽ വന്ന 'ഫാബിയൻ സൊസൈറ്റി' എന്ന സോഷ്യലിസ്റ്റ് സംഘടനയുടെ വക്താവായിരുന്നു. മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാത്ത ഷാ1885 മുതൽ 1911 വരെ അതിന്റെ നിർവാഹക സമിതി അംഗമായിരുന്നു. വെബ് ദമ്പതികളോടൊത്ത് 'ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്' സ്ഥാപിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു.
1904-ൽ 'ജോൺ ബുള്ളിൻ്റെ മറ്റൊരു ദ്വീപ്' എന്ന നാടകത്തോടെ ഇംഗ്ലീഷ് നാടകപ്രേമികൾക്ക് ഷാ പ്രിയങ്കരനായി. ചെകുത്താന്റെ ശിഷ്യൻ, മേജർ ബാർബറ, ആയുധങ്ങളും മനുഷ്യനും, വിധിയുടെ മനുഷ്യൻ, സീസറും ക്ലിയോപാട്രയും, മിസ്സിസ് വാറന്റെ തൊഴിൽ, മാനവനും അതിമാനവനും, വൈദ്യന്റെ വിഷമസ്ഥിതി, പിഗ്മാലിയൻ, മെദുസലയിലേക്ക് വീണ്ടും, ആപ്പിൾ കാർട്ട്, തടവ് തുടങ്ങിയ നാടകങ്ങൾ ഷായെ കീർത്തിമാനാക്കി. നന്നായി സ്വീകരിക്കപ്പെട്ട കോമഡിയാണ് 'കാൻഡിഡ'. ഷായുടെ മാസ്റ്റർപീസ് രചനയായി കണക്കാക്കപ്പെടുന്നത് ചരിത്രാധിഷ്ഠിതമായ 'സെയ്ന്റ്റ് ജോൺ' ആണ്.
ഷാ തൻ്റെ നാടകങ്ങൾക്കെഴുതിയിട്ടുള്ള ആമുഖങ്ങൾ വിശ്വപ്രസിദ്ധങ്ങളാണ്. സംഗീത സംബന്ധിയായ ധാരാളം കൃതികളും രചിച്ചിട്ടുണ്ട്. 1914-ൽ 'റോസി റാപ്ചർ- ദപ്രൈഡ് ഓഫ്ബ്യൂട്ടി' എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.1925-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. 1938-ൽ തിരക്കഥയ്ക്ക് (പിഗ്മാലിയൻ) ഓസ്‌കാർ നേടി. നോബൽ
സമ്മാനവും ഓസ്കാറും ലഭിയ്ക്കുന്ന ഏക വ്യക്തി കൂടിയാണ്
ബെർനാഡ് ഷാ.
ജോർജ് ബർണാഡ് ഷാ
പറഞ്ഞ ചില കാര്യങ്ങൾ ചുവടെ:-
1. സ്വന്തം മനസ്സുമാറ്റാൻ കഴിയാത്തവർക്ക് മറ്റൊന്നിലും മാറ്റം വരുത്താൻ കഴിയില്ല.
2. പന്നികളുമായി ഗുസ്‌തി പിടിക്കരുതെന്ന് ഞാൻ പഠിച്ചു കാരണം, നമ്മുടെ ദേഹത്ത് ചെളി പുരളുകയും ചെയ്യും പന്നിക്ക് അത് ഇഷ്ടവുമാണ്.
3. സിംഹം മനുഷ്യനോളം അക്രമിയല്ല. കാരണം അതിന് മതമോ, രാഷ്ട്രീയമോ, ജാതിയോ, ഗ്രൂപ്പോ ഇല്ലല്ലോ.
4. ന്യായബോധം ഉള്ള മനുഷ്യൻ ലോകത്തോട് സ്വയം പൊരുത്തപ്പെടുന്നു. യുക്തിരഹിതനായ മനുഷ്യൻ ലോകത്തെ തന്നോട് പൊരുത്തപ്പെടാൻ ശ്രമിക്കുന്നു. അതിനാൽ എല്ലാ പുരോഗതിയും യുക്തിരഹിതനായ മനുഷ്യനെ ആശ്രയിച്ചിരിക്കുന്നു.
5. ഒരു മണ്ടൻ ലജ്ജിക്കത്തക്ക എന്തെങ്കിലും ചെയ്യുകയാണെങ്കിൽ അത് തന്റെ കർത്തവ്യമാണെന്ന് അവൻ പ്രഖ്യാപിച്ച് കൊണ്ടിരിക്കും.
6. നുണയനുള്ള ശിക്ഷ തന്നെ ആരും വിശ്വസിക്കില്ല എന്നത് മാത്രമല്ല, തനിക്ക് ആരെയും വിശ്വസിക്കാൻ കഴിയില്ല എന്നതും കൂടിയാണ്.
Death anniversary of George Bernard Shaw. November 2